ദിവസവുമുള്ള യാത്രയിൽ കാണുന്ന മരങ്ങളോടുള്ള അടുപ്പം അവർ എന്റെയാണെന്ന തോന്നലോളമുണ്ട്. ഏഴാം മൈൽ കഴിഞ്ഞുള്ള കുട്ടിമാവ് ഒരു വർഷം മുൻപ് ഒരു സുപ്രഭാതത്തിൽ വീണു കിടക്കുന്നത് കണ്ടതിന്റെ ആഘാതം ഇനിയും മാറിയിട്ടില്ല. അതിലും മുൻപേ ഇവരെയെല്ലാം ഒരിടത്ത് ചേർത്ത് വെക്കണമെന്ന് തോന്നിയിട്ടുണ്ട്. പല കാരണങ്ങൾ കൊണ്ട് ഇത്രയും വൈകി. ഇനി എല്ലാ ഋതുക്കളിലും ഇവരുടെ മാറ്റങ്ങളെ പിന്തുടരുന്നത് ഇവിടെയും സൂക്ഷിച്ച് വെക്കാം. ചിലതെല്ലാം ഹൈവേ വികസനം വരെ മാത്രം ആയുസ്സുള്ളവയാണ്. മറ്റു ചിലർക്ക് തൊട്ടടുത്തെ കടക്കാർക്ക് ശല്യമായി തോന്നുന്നത് വരെയും. എന്തായാലും നമ്മളനുവദിക്കുന്നത്രയും കാലം നാനാജാതി ജീവജാലങ്ങളെയും വഹിച്ച് ഓരോ ആവാസവ്യവസ്ഥകളായി നമ്മളോടൊപ്പം അവരുണ്ടാവും.